മല്യ നിയമത്തില്‍ നിന്നും ഒളിച്ചോടുകയാണോ: രൂക്ഷ വിമര്‍ശനവുമായി യുകെ ഹൈക്കോടതി

May 10, 2018 0 By Editor

ലണ്ടന്‍ :വിജയ് മല്യക്ക് എതിരെ യു കെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ നിയമത്തില്‍ നിന്നും ഒളിച്ചോടുകയാണോയെന്ന് യുകെ ഹൈക്കോടതി ചോദിച്ചു.

2016 മാര്‍ച്ചിനു മുന്‍പ് വ്യവസായിക, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നുവെന്നതിനു തെളിവുണ്ട്. യുണൈറ്റഡ് ബ്ര്യുവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാവസായിക താല്‍പര്യങ്ങള്‍. എന്നാലിപ്പോള്‍ മല്യ യുകെയില്‍ തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്ന സാഹചര്യമാണുള്ളത്. നോണ്‍റെസിഡന്റ് ടാക്‌സ്‌പേയര്‍ എന്ന നിലയിലാണിതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ആസ്തികള്‍ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണു മല്യ 6203 കോടി രൂപയിലേറെ നല്‍കാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണു കര്‍ണാടകയിലെ കടം തിരിച്ചടവു ട്രൈബ്യൂണല്‍ മല്യയുടെ ആസ്തികള്‍ മരവിപ്പിച്ചത്. ബ്രിട്ടനിലുള്ള വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഇവയില്‍ ഉള്‍പ്പെടും.

അതിനിടെ, വിദേശ നാണയ വിനിമയ ചട്ടലംഘനക്കേസില്‍ (ഫെറ) വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി വീണ്ടും നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച കോടതിയുടെ മുന്‍നിര്‍ദേശത്തില്‍ നടപടിയുണ്ടായില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം പരിഗണിച്ചാണു പുതിയ ഉത്തരവിട്ടിരിക്കുന്നത്.

17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസില്‍ 2016 ജൂണില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലേക്കു തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 11ന് ആണ് അടുത്ത വാദം കേള്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ മല്യ ഇപ്പോള്‍ 6,50,000 പൗണ്ടിന്റെ ജാമ്യത്തിലാണ്.

രണ്ട് തവണയാണ് മല്യ ലണ്ടനില്‍ നിന്ന് അറസ്റ്റിലാകുന്നതും കോടതി ജാമ്യം അനുവദിക്കുന്നതും. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന് സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു. വായ്പാ തട്ടിപ്പ് കേസില് ഇന്ത്യയിലെ വിവിധ കോടതികള്‍ മല്യയ്‌ക്കെതിരെ ആറോളം ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു അറസ്റ്റ്. 5.32 രൂപയുടെ ജാമ്യത്തുകയില്‍ മല്യയെ ഉടന്‍ തന്നെ കോടതി വിട്ടയയ്ക്കുകയും ചെയ്തു.