കേന്ദ്ര നിയമങ്ങളുടെ പഴുതിലൂടെ എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയില്‍ എത്തിച്ചു തരാം; വചനപ്രഘോഷകന്‍ ജോണ്‍ താരു  കുരുക്കിലേക്ക്

കേന്ദ്ര നിയമങ്ങളുടെ പഴുതിലൂടെ എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയില്‍ എത്തിച്ചു തരാം; വചനപ്രഘോഷകന്‍ ജോണ്‍ താരു കുരുക്കിലേക്ക്

October 20, 2019 1 By Editor

കേന്ദ്ര നിയമങ്ങളുടെ പഴുതിലൂടെ എത്ര കോടി രൂപവേണമെങ്കിലും അനധികൃതമായി ഇന്ത്യയില്‍ എത്തിച്ചു തരാമെന്നുള്ള സ്വയം പ്രഖ്യാപിത അപ്പോസ്തലന്‍ ജോണ്‍ താരുവിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. നിയമങ്ങള്‍ മറികടന്നു ഇന്ത്യയിലേക്ക് കോടികള്‍ എത്തിക്കാന്‍ ജോണ്‍ താരു നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി വെളിയില്‍ വന്നത്. ജോൺ താരുവിലേക്ക് വഴി തുറന്നതും പരിചയപ്പെടുത്തിയതും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എൻ ശക്തൻ. കേന്ദ്ര സർക്കാരിന്റെ കനത്ത നിയന്ത്രണങ്ങളെയും നിരീക്ഷണത്തെയും മറികടന്നുകൊണ്ട് മത/ചാരിറ്റി സംഘടനകളും വ്യക്തികളും വഴി വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കോടികളുടെ പണം എത്തിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് നാരദാ ഇൻവെസ്റ്റിഗേഷനിലൂടെ പുറത്തു വന്നത് .

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണെന്ന വ്യാജേനെ വിശ്വാസമാർജിച്ചാണ് ശക്തനുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത്. മത സംഘടനകൾക്കോ വ്യക്തികൾക്കോ നൽകാനായി ഞങ്ങളുടെ കൈവശം പണം ഉണ്ടെന്നും, ആരെയെങ്കിലും നിർദേശിക്കണം എന്നും ആവശ്യപ്പെട്ടപ്പോൾ ശക്തൻ ജോൺ താരുവിനെയാണ് നിർദേശിച്ചത്. ജോൺ താരു അടുത്ത ദിവസം തന്റെ വീട്ടിൽ വരുമെന്നും ജോൺ താരുവുമായി സംസാരിച്ച് കാര്യങ്ങൾ ശരിയാക്കി തരാം എന്നും എൻ ശക്തൻ ഇവർക്ക് ഉറപ്പു നൽകുകയായിരുന്നു.

തുടർന്ന് കഴക്കൂട്ടം മേനംകുളത്തെ അശ്വതി ഗാർഡൻസിലെ ജോൺ താരുവിന്റെ ആഡംബര ബംഗ്ലാവിൽ വെച്ച് ഡീൽ സംസാരിക്കുകയായിരുന്നു.വിദേശത്ത് നിന്ന് ഹവാല പണം വരുമ്ബോള്‍ അത് താന്‍ 100 ഏക്കര്‍ സ്ഥലത്ത് തുടങ്ങുന്ന 50000 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നിക്ഷേപിക്കാനും ജോണ്‍ താരു ഇവരോട് വീഡിയോയില്‍ പറയുന്നുണ്ട്. എന്‍.ശക്തന്‍ എന്ന കോണ്‍ഗ്രസ് നേതാവ് കുടുങ്ങിയ ചതിയിലേക്ക് അറിയാതെ സ്വയം ചാടിക്കൊടുത്തതാണ് ജോണ്‍ താരു കുരുക്കിലാകാന്‍ കാരണം. കേന്ദ്ര നിയമം മറികടന്നുകൊണ്ട് മത സംഘടനകള്‍ ഇന്ത്യയിലേക്ക് കോടികള്‍ എത്തിക്കുന്നു എന്ന് തെളിയിക്കാന്‍ നടത്തിയ സ്റ്റിങ് ഓപ്പറെഷനിലാണ്   ജോണ്‍ താരു കുടുങ്ങിയത്.

സുവിശേഷ പ്രവര്‍ത്തനമൊന്നുമല്ല, ബിസിനസാണ് പ്രധാന മേഖല എന്ന് താരു പറയുന്നു. മിഡില്‍ ഈസ്റ്റില്‍ തനിക്ക് പെട്രോളിയം ഉള്‍പ്പെടെ എല്ലാത്തരം ബിസിനസ്സുകളുമുണ്ട്. വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ ആവശ്യമായ എഫ്സിആര്‍എ താന്‍ തുടക്കം മുതലേ എടുത്തിട്ടില്ല. ഒരു എന്‍ആര്‍ഐ അക്കൗണ്ട് ആണ് ഉപയോഗിച്ചു വരുന്നതെന്നും എല്ലാത്തരം ബിസിനസുകളും ചെയ്യുന്നതിനാല്‍ ഏതു ബിസിനസുമായി ബന്ധപ്പെട്ടും ഇന്ത്യയിലേക്ക് പണം കൈമാറാമെന്നും ജോണ്‍ താരു പറയുന്നു. താരുവിന്റെ മേനംകുളത്തെ തേക്ക് കോട്ടാരത്തെക്കുറിച്ച്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ കഴക്കൂട്ടം എസിപിക്ക് പരാതി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് എസിപി വിദ്യാധരന്‍ നടത്തിയത്. ജോണ്‍ താരുവിനെ നേരിട്ട് വിളിച്ച്‌ വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിവാദ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.