കോഴിത്തീറ്റ വിതരണം ഉറപ്പാക്കണം” ഫാമുകളിൽ കോഴികൾ കൊത്തിച്ചാവുന്നു

കോഴിത്തീറ്റ വിതരണം ഉറപ്പാക്കണം” ഫാമുകളിൽ കോഴികൾ കൊത്തിച്ചാവുന്നു

March 30, 2020 0 By Editor

കൽപ്പറ്റ: കോവിഡ്‌ ബാധയെ തുടർന്നുള്ള അടച്ചുപൂട്ടലിൽ ഫീഡ് വിതരണം തടസ്സപ്പെട്ടത് കാരണം കേരള ചിക്കൻ ഫാർമുകളിൽ വൻ തോതിൽ കോഴികൾ ചത്തൊടുങ്ങുന്നതായി ബ്രഹ്മഗിരി ഡവലപ്‌മെന്റ്‌ സൊസൈറ്റി അധികൃതർ അറിയിച്ചു. കേരള സർക്കാർ സംരംഭമായ കേരള ചിക്കൻ പദ്ധതിക്ക് കീഴിലുള്ള ഫാർമുകളിൽ 150000 കോഴികൾ കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലായി നിലവിലുണ്ട്. രാജ്യമാകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഫാമുകളിൽ കോഴിതീറ്റ ലഭിക്കുന്നില്ല.. കോഴികൾ തമ്മിൽ കൊത്തി ചത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഫാർമുകളിൽ. പൊള്ളാച്ചിയിലുള്ള ബ്രീഡർ ഫാർമിൽ 50000 പരം മുട്ടകളും ഒരു ലക്ഷത്തിലധികം കോഴിക്കുഞ്ഞുങ്ങളെയും നശിപ്പിച്ച് കളയേണ്ടി വന്നു.


കോഴിത്തീറ്റ അവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവുണ്ടെങ്കിലും ഫീഡ് അയൽസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കാൻ കഴിയുന്നില്ല. പക്ഷിപ്പനിയുടെ പിറകെ ഉണ്ടായ കോഴി വില തകർച്ചയ്‌ക്കിടെയാണ്‌ കൊവിഡും ഫാമുകളെ ബാധിച്ചത്‌. പ്രശ്‌നം പരിഹരിക്കാൻ കേരള സർക്കാരും ജില്ല അധികൃതരും പ്രത്യേക ഓർഡർ ഇറക്കി അയൽ സംസ്ഥാനങ്ങളുമായി ചർച്ചചെയ്ത് മുട്ട, കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, കോഴികൾ എന്നിവ എത്തിക്കുന്നതിനുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള നടപടികൾ എടുക്കണം. വിഷയത്തിൽ മുഖ്യമന്ത്രി, ധനമന്ത്രി, മൃഗസംരക്ഷണ മന്ത്രി, മൃഗസംരക്ഷണ ഡയറക്ടർ എന്നിവർക്ക് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി കത്തയച്ചു.