കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

ബംഗളൂരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതുമായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കണമെന്ന ആവശ്യവുമായി യെദിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയെ സന്ദര്‍ശിച്ചിരുന്നു. പിന്തുണ ഉറപ്പാക്കുന്ന 115 എം.എല്‍.എമാരുടെ കത്തും യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

രാജ്ഭവനില്‍ നിന്നും പുറത്തിറങ്ങിയ യെദിയൂരപ്പ ഉചിതമായ തീരമാനമെടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. ഇന്ന് രാവിലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ യെദിയൂരപ്പയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു.

104 എം.എല്‍.എമാരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി എങ്ങനെയാണ് 115 എം.എല്‍.എമാരുടെ ഒപ്പ് ഉറപ്പാക്കിയത് എന്ന് വ്യക്തമല്ല. ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഒരു സ്വതന്ത്ര എം.എല്‍.എ ഇന്ന് രാവിലെ വ്യക്തമായിരുന്നു. അങ്ങനെയെങ്കില്‍ കുതിരക്കച്ചവടത്തിലൂടെ 10 എം.എല്‍.എമാരെ ബി.ജെ.പി വിലക്ക് വാങ്ങുകയായിരുന്നു എന്ന് വ്യക്തമാണ്.

അതേസമയം, ഇന്ന് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പങ്കെടുത്തില്ല എന്നാണ് വിവരം. എട്ട് മണിക്ക് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷി യോഗം ഇതുവരെ തുടങ്ങാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരെ യോഗത്തിനെത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കിയതായും വാര്‍ത്തയുണ്ട്. ജെ.ഡി.എസിന്റെ നിയമ സഭാ കക്ഷി യോഗവും ഇതുവരെ തുടങ്ങാനായിട്ടില്ല. എന്നാല്‍, കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ എംപി അറിയിച്ചിരുന്നു. ജെ.ഡി.എസുമായി കക്ഷി ചേര്‍ന്ന് മന്ത്രി സഭ രൂപീകരിക്കുന്ന കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ നിരസിച്ചാല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story