വിശ്വാസവോട്ടെടുപ്പ് വേളയില്‍ ബിജെപിയുടെ പ്രകോപനമുണ്ടായാലും സഭയില്‍ ശാന്തത പാലിക്കണം, സസ്‌പെന്‍ഷന് ഇടവരുത്തരുത്: കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് വേളയില്‍ സഭയില്‍ ശാന്തത പാലിക്കണമെന്നും സസ്‌പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. ബി.ജെ.പിയുടെ പ്രകോപനമുണ്ടാകുമെന്നും ശാന്തത കൈവിടരുതെന്നുമാണ് നിര്‍ദേശം. സഭയില്‍ ഏതെങ്കിലും തരത്തിലുള്ള ബഹളമുണ്ടാക്കുന്നവരെ പ്രൊട്ടംസ്പീക്കര്‍ക്ക് അയോഗ്യരാക്കാമെന്ന നിയമമുള്ളതിനാലാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.
ബി.ജെ.പി അംഗങ്ങള്‍ ഏത് തരത്തിലുമുള്ള പ്രകോപനങ്ങള്‍ക്കും മുതിരാം. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്ന് നിലവിട്ട പെരുമാറ്റം ഒരിക്കലും ഉണ്ടാകരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത അനുയായിയായ കെ.ജി. ബൊപ്പയ്യയാണ് പ്രോടെം സ്പീക്കര്‍. 2011ല്‍ ബി.ജെ.പി. ഭരണകാലത്ത് യെദ്യൂരപ്പയ്‌ക്കെതിരെയുള്ള വിമത നീക്കത്തെ ചെറുത്ത് സര്‍ക്കാരിനെ രക്ഷിച്ചത് അന്ന് സ്പീക്കറായിരുന്ന ബൊപ്പയ്യയാണ്.
2010ല്‍ അനധികൃത ഖനന വിവാദത്തില്‍ ബി.ജെ.പി.ക്കുള്ളില്‍ വിമതനീക്കമുണ്ടായപ്പോള്‍ യെദ്യൂരപ്പയോടൊപ്പം നിന്ന നേതാവാണ് ബൊപ്പയ്യ. 2011ല്‍ ബി.ജെ.പി.യിലെ 11 വിമത എം.എല്‍.എ.മാരും അഞ്ചുസ്വതന്ത്രരും മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയ്ക്ക് പിന്തുണ പിന്‍വലിച്ചപ്പോള്‍ സ്പീക്കറായിരുന്ന ബൊപ്പയ്യ 16 പേരെയും അയോഗ്യരാക്കി. ഈ നടപടിയാണ് അന്ന് സര്‍ക്കാരിനെ നിലനിര്‍ത്തിയത്. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തില്‍ സുപ്രീംകോടതി സ്പീക്കറുടെ നടപടി ചോദ്യം ചെയ്യുകയും അംഗങ്ങളെ അയോഗ്യരാക്കിയ നടപടി റദ്ദാക്കുകയും ചെയ്തു.