നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു: സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ നടത്തിയ പരാമര്‍ശത്തിനു മറുപടിയുമായി വി.കെ. പ്രകാശ്

September 12, 2020 0 By Editor

വി.കെ. പ്രകാശ്-അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ നടത്തിയ പരാമര്‍ശത്തിനു മറുപടിയുമായി വി.കെ. പ്രകാശ്. അല്‍ഫോന്‍സ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി.കെ.പി. പറഞ്ഞു

 2013ല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ഫോന്‍സ്‌ അശ്ലീല ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ മലയാളത്തിലുണ്ടെന്ന് പറഞ്ഞപ്പോള്‍ ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് മോശം ഘടകങ്ങള്‍ ഉള്ളതെന്നുമായിരുന്നു അല്‍ഫോന്‍സിന്റെ വാക്കുകള്‍. ‘മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് അശ്ലീല ഘടകങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറയൂ. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ യു സര്‍ട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് ഒരു പ്രശ്‌നം. അതിലായിരുന്നു കുറച്ച്‌ എ ഡയലോഗ്‌സ് ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ.’-അല്‍ഫോന്‍സ് പറഞ്ഞു. അനൂപ് മേനോന്റെ സിനിമള്‍ക്കാണ് പൊതുവെ ഈ ലേബല്‍ ഉള്ളതെന്നും, സമീര്‍ താഹിറിന്റെയോ, ആഷിഖ് അബുവിന്റെയോ വിനീത് ശ്രീനിവാസന്റെയോ സിനിമകളില്‍ അശ്ലീലം ഇതുവരെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പരാമര്‍ശം. ഇതിനു മറുപടി നല്‍കുകയാണ് വികെപി.

‘വലിയൊരാളുടെ അഭിമുഖം കാണാനിടയായി. ഇത് എന്നു വന്നതാണെന്ന് അറിയില്ല. സാധാരണ ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. ഇവിടെ ഞാന്‍ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകള്‍ക്കുളള മറുപടിയാണ്. ട്രിവാന്‍ഡ്രം ലോഡ്ജിന്‍ ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ പ്രഫഷനോട് തന്നെയുള്ള അനാദരവ്‌ആണ്. ലജ്ജ തോന്നുന്നു താങ്കളോട്. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയി.’-വി.കെ.പി. കുറിച്ചു