എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം; നിയമം എല്ലാവര്‍ക്കും മുകളിലാണെന്നും ഗവര്‍ണര്‍
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. നിയമം എല്ലാവര്‍ക്കും മുകളിലാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു.എന്‍.ഐ.എയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനയെക്കുറിച്ച് തന്നോട് പ്രതികരണം ആരായുകയാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. അതേക്കുറിച്ച് അഭിപ്രായം പറയുന്നത് തന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നമ്മളില്‍ ഓരോരുത്തര്‍ക്കും ഓരോ ജോലിയുണ്ട്. നാം നമ്മുടെ ജോലി ചെയ്യുക. മറ്റുള്ളവരുടെ ജോലിയില്‍ ഇടപെടാന്‍ നാം പോകരുത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. നാം അവരെ വിശ്വസിക്കണം. എന്‍.ഐ.എയ്ക്ക് ആരെയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. എന്തിന് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ നമുക്കറിയില്ല. അതിനാല്‍ ക്ഷമയോടെ എന്‍.ഐ.എ അന്വേഷണം കഴിയുന്നത് വരെ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.