ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു; കൊല്ലപ്പെട്ടത് കാത്തിരുന്ന ആണ്‍കുഞ്ഞ്

ലഖ്‌നൗ: ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. മറ്റൊരിടത്തുമല്ല, ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ് ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തില്‍ വയറ്റിനുളളിലുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു.

ഭര്‍ത്താവിന്റെ ഗുരുതരമായ പീഡനത്തെ തുടര്‍ന്ന് അനിത എന്ന സ്ത്രീ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. അനിതാ ദേവിക്കും ഭര്‍ത്താവ് പന്നാലാലിനും നേരത്തെ ജനിച്ച അഞ്ച് കുട്ടികളും പെണ്‍കുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച്‌ മദ്യപിച്ചെത്തിയ പന്നാലാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. പന്നാലാലിനോട് വഴക്കിട്ട അനിത ഗര്‍ഭച്ഛിദ്രത്തിന് താന്‍ തയാറല്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. അരിവാള്‍ കൊണ്ട് വയറുകീറിമുറിച്ചായിരുന്നു ആക്രമണം നടന്നത്. ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് ആണ്‍കുഞ്ഞാണെന്ന് അറിയാതെയായിരുന്നു പന്നാലാലിന്റെ സമാനതകളില്ലാത്ത ക്രൂരത.

അനിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് അനിതയെ ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭപാത്രത്തിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. അറസ്റ്റിലായ പന്നാലാലിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലടച്ചു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് മറ്റു വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സഫ്‌ദര്‍ജംഗ് ആശുപത്രിയില്‍ ഐ.സി.യുവിലാണ് അനിത.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story