കാട്ടാന കൂട്ടത്തെ ഭയന്ന് മുഴക്കുന്ന് ജനവാസമേഖല

ഇരിട്ടി: കാട്ടാനക്കൂട്ടമെത്തിയതോടെ ഭയന്നുവിറച്ചിരിക്കുന്ന മുഴക്കുന്ന് മേഖലയില്‍ ജനങ്ങള്‍ക്ക് ഇന്നലെ രാത്രിയും ഉറങ്ങാനായില്ല. രണ്ടു ദിവസമായി ഇവിടെ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തെ തുരത്താന്‍ പോലീസും വനപാലകരും നാട്ടുകാരും എല്ലാ മാര്‍ഗങ്ങളും പയറ്റുകയാണ്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ആറളം വൈല്‍ഡ് ലൈഫ് അസി.വാര്‍ഡന്‍ വി മധുസൂദനന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി. ജനവാസ മേഖലയില്‍ നിന്നും ആനകളെ തുരത്തുന്നത് അപകടകരമാണെന്നു മനസിലാക്കി കാടിന് ചുറ്റും വനംവകുപ്പ് ഗാര്‍ഡുമാരെയും പോലീസിനെയും വിന്യസിച്ചു. ആനക്കൂട്ടത്തിന്റെ നീക്കം നിരീക്ഷിച്ച സംഘം ജനവാസമേഖലയില്‍ നിന്നും ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് പദ്ധതി തയാറാക്കി. ആറു കിലോമീറ്ററോളം തുരത്തിയാല്‍ മാത്രമേ ആനകളെ ആറളം വന്യജീവി സങ്കേതത്തില്‍ എത്തിക്കാനാവൂ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎല്‍എ ജില്ലാ കളക്ടറുമായും ഡിഎഫ്ഒയുമായി ബന്ധപ്പെട്ട് സുരക്ഷാനടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, ഡിവൈഎസ്പി, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ആനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള പദ്ധതി തയാറാക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി വനത്തിലേക്കുള്ള ആനകളുടെ യാത്ര സുഗമമാക്കുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായി വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ മൂന്ന് സ്വാഡ് രൂപവത്കരിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ തുരത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ ആനകള്‍ കാക്കയങ്ങാട് ടൗണിനടുത്ത ജനവാസമേഖലയിലേക്ക് നീങ്ങിത്തുടങ്ങി.

സുരക്ഷാ ജീവനക്കാര്‍ ആനയെ പിന്തുടര്‍ന്ന് കാക്കയങ്ങാട് വരെ എത്തിച്ചു. ഇരിട്ടി പേരാവൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ആനകളുടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കിയെങ്കിലും ആനകള്‍ തിരിഞ്ഞോടിയതോടെ വീണ്ടും ആശങ്ക ശക്തമായി. പുലര്‍ച്ചെയോടെ ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താന് കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. സംഭവമറിഞ്ഞ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *