ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി മിസേറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. രാവിലെ നടന്ന ചടങ്ങിലാണ് കുമ്മനം സ്ഥാനമേറ്റത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇതു സംബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിയമന ഉത്തരവ് കൈമാറിയിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് കുമ്മനം. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.