കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് സുപ്രീം കോടതി
രാജ്യത്തെ കോവിഡ് സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളെയാണ് കോടതി വിമര്‍ശിച്ചത്. നേരത്തെയുള്ളതിനേക്കാള്‍ സ്ഥിതി വഷളാകുന്നുവെന്നും കര്‍ശന നടപടികളാണ് വേണ്ടതെന്നും കോടതി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലെന്നും കോടതി പറഞ്ഞു.
നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷണങ്ങള്‍ നടത്തിയത്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും ആഘോഷപരിപാടികളും നിരന്തരം നടക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. 60 ശതമാനം ആളുകളും മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. അവശേഷിക്കുന്നവരില്‍ 30 ശതമാനം പേര്‍ മാസ്‌ക് ശരിയായി ധരിക്കാതെ, തൂക്കിയിടുന്ന പ്രവണതയും കാണുന്നുണ്ട്. പലരും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
നിലവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ എഴുപത് ശതമാനവും കേരളം ഉള്‍പ്പടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ ചികത്സയിലുള്ള കോവിഡ് രോഗികളില്‍ 14.7 ശതമാനം പേരും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്-(18.9%). രോഗവ്യാപനം തടയുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.