എസ്.വി. പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവർ കസ്റ്റഡിയില്‍
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിനിടയാക്കിയ ഇടിച്ച ലോറി കണ്ടെത്തി.ഇതിന്റെ ഡ്രൈവര്‍ ജോയി പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ട്.ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ പിടികൂടിയത്. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പോലീസ് കസ്റ്റഡിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.പ്രദീപിന്‍റെ വാഹനത്തില്‍ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.ലോറിയുടെ മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിയുകയായിരുന്നു. ട്രാഫിക് സി സി ടി വി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സമീപത്തെ ഒരു സി സി ടി വി ദൃശങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകട കാരണമായ വാഹനം കണ്ടെത്താന്‍ സാധിച്ചത്. അധികം കടകളോ സി സി ടി വികളോ ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു അപകടം. കാരക്കമണ്ഡപത്തിന് സമീപം വച്ച് പ്രദീപിന്റെ ബൈക്ക് പിന്നാലെയെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദീപിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപിന്റെ വാഹനം സഞ്ചരിച്ച അതേ ദിശയില്‍ എത്തിയ വാഹനമാണ് പ്രദീപ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. പ്രദീപ് നയിക്കുന്ന യു ട്യൂബ് ചാനലില്‍ അടുത്തിടെ സംപ്രേഷണം ചെയ്തതില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ആയിരുന്നു. ഇതും മരണത്തില്‍ ദുരൂഹത കൂട്ടുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും കുടുംബം വ്യക്തമാക്കി