ദമ്പതികള്‍ മരിച്ച സംഭവം; മക്കളുടെ പരാതിയിൽ അന്വേഷണം നടത്തും

ദമ്പതികള്‍ മരിച്ച സംഭവം; മക്കളുടെ പരാതിയിൽ അന്വേഷണം നടത്തും

December 30, 2020 0 By Editor

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ വീടൊഴിപ്പിക്കല്‍ വേളയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപടര്‍ന്ന് ദമ്പതികള്‍ മരിച്ച സംഭവത്തിൽ മക്കളുടെ പരാതിയിൽ അന്വേഷണം നടത്തും. പരാതി നൽകിയ അയൽക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. നെയ്യാറ്റിൻകര തഹസിൽദാരോട് കലക്ടർ റിപ്പോർട്ട് തേടി.

ലക്ഷംവീട് കോളനിയിൽ രാജനും കുടുംബവും ഒന്നര വർഷമായി താമസിക്കുന്ന ഭൂമി തന്റേ‍താണെന്ന് സമീപവാസി വസന്ത ഒരു വർഷം മുൻപ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. വില‍യ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുമാണ് സമീപവാസി വസന്തയുടെ അവകാശവാദം. എന്നാൽ, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരിൽ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരു പറയുന്നു.വസ്തു ഒഴിയാൻ 6 മാസം മുൻപു കോടതി ഉത്തരവിട്ടു. 2 മാസം മുൻപ് ഒഴിപ്പിക്കാൻ അധികൃതർ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടർന്നു പിന്മാറി. പിന്നീടു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കാൻ കോടതി വീണ്ടും ഉത്തരവിട്ടു. തുടർന്നാണ് 22 നു പൊലീസും കോടതി അധികൃതരും രാജൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്.