കസ്റ്റംസ് കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

December 30, 2020 0 By Editor

കൊച്ചി∙ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു ജാമ്യമില്ല. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണു ഉത്തരവ്. സ്വപ്നയുമൊത്ത് എം. ശിവശങ്കര്‍ നടത്തിയ വിദേശയാത്രകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കസ്റ്റംസ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ കോടതിയില്‍ വാദം ഉയര്‍ത്തിയത്. ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകള്‍ സ്വയം വഹിച്ചതായാണു ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു. അതേസമയം തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ശിവശങ്കറിന്റെ സ്വര്‍ണക്കടത്തിലെ ഇടപെടല്‍ വ്യക്തമാണെന്നു കസ്റ്റംസ് കോടതിയില്‍ വാദിച്ചു. 2015 മുതല്‍ ആരോഗ്യപ്രശ്‌നമുണ്ടെന്നു പറയുന്ന ശിവശങ്കര്‍ പിന്നെ എങ്ങനെയാണ് വിദേശയാത്രകള്‍ നടത്തിയതെന്നും ചോദിച്ചു.