നിപ വൈറസ്: എട്ട് പേര്‍ ആശുപത്രി വിട്ടു

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ നിപ വൈറസ് പനിക്ക് നേരിയ ആശ്വാസം. ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എട്ടുപേരെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ മെഡിക്കല്‍ കോളജില്‍ ഒമ്പതുപേരാണുള്ളത്. ഇതില്‍ മലപ്പുറത്തെ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

സംശയിക്കുന്ന കേസുകളില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഇവര്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. കല്ലായിയില്‍നിന്നുള്ള ഒമ്പതുവയസ്സുകാരിയും കൂത്താളിയില്‍നിന്നുള്ള ആറുവയസ്സുകാരനുമാണ് ഇവര്‍. പനി, ന്യൂമോണിയ, എന്‍സഫലൈറ്റിസ് തുടങ്ങിയ അസുഖങ്ങളോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് സാമ്പിള്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ബേബി മെമ്മോറിയല്‍, മിംസ് എന്നീ ആശുപത്രികളിലും രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ ചികിത്സയിലുണ്ട്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 11 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച ഏഴെണ്ണമടക്കം 160 സാമ്പിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്. അതേസമയം, നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വന്‍തോതില്‍ മെഡിക്കല്‍ കോളജിലെത്തിച്ചിട്ടുണ്ട്. റിപാവിറിന്‍ എന്ന മരുന്നാണ് കെ.എം.എസ്.സി.എല്‍ മുഖേന എത്തിച്ചത്. മലേഷ്യയില്‍ രോഗം പടര്‍ന്നുപിടിച്ച കാലത്ത് നല്‍കിയ മരുന്നാണ് റിപാവിറിന്‍. പ്രതിപ്രവര്‍ത്തനത്തിന് ഏറെ സാധ്യതയുള്ള ഈ മരുന്ന് പ്രത്യേക പരിശോധനകള്‍ക്കു ശേഷമേ രോഗികള്‍ക്ക് നല്‍കാനാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചില രോഗികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ഈ മരുന്ന് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജില്‍ എയിംസ് സംഘത്തിെന്റ നേതൃത്വത്തില്‍ ചികിത്സാ രൂപരേഖ തയാറായിട്ടുണ്ട്.

ജില്ല കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ കോര്‍ഡിനേറ്റര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. ദത്ത, അസി. കമീഷണര്‍ ഡോ. എച്ച്.ആര്‍. ഖന്ന, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിള്‍ ഡിസീസിലെ വിദഗ്ധരായ ഡോ. ഷൗക്കത്ത് അലി, ഡോ. എസ്.കെ. സിങ്, ഡോ. എസ്.കെ. ജയിന്‍, പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, ജില്ല മെഡിക്കല്‍ ഓഫിസര്‍ വി. ജയശ്രി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം ശേഖരിച്ച വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയുടെ ഫലം ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസിലേക്ക് അയച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story