മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി ഓഫീസില്‍ ഇല്ലെന്നാണ് അറിയിച്ചത്. പിന്നീട് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിവേദനം സമര്‍പ്പിച്ചു. അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്നും അച്ഛനമ്മമാര്‍ ആവശ്യപ്പെട്ടു.

കേസിലെ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിക്കുന്നതല്ലാതെ അത് വിശ്വസിക്കാന്‍ കഴിയുന്ന നിലയിലുള്ള നടപടികളൊന്നും കൈക്കൊള്ളുന്നില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചാല്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാമെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ പോലീസ് തുടരന്വേഷണം നടത്തുന്നതില്‍ വിശ്വാസമില്ലെന്നാണ് ഇവരുടെ അഭിപ്രായം. കേസ് അട്ടിമറിച്ചുവെന്ന് ആക്ഷേപമുയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സോജനും ചാക്കോയ്ക്കുമെതിരെ നടപടി വേണം, അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് പ്രവീണ്‍ എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story