ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കമായി ; രാജ്യം കാത്തിരുന്ന ദിവസമെന്ന് പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കമായി ; രാജ്യം കാത്തിരുന്ന ദിവസമെന്ന് പ്രധാനമന്ത്രി

January 16, 2021 0 By Editor

രാജ്യം കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏറെ നാളായ ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ ദിവസം. ഇന്ന് തുടക്കമാകുന്നത് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കൊവിഡ് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറയുമ്പോള്‍ വികാരാധീനനായിരുന്നു മോദി. കോവിഡ് മഹാമാരി ജനങ്ങളെ അവരുടെ കുടുംബങ്ങളില്‍നിന്ന് അകറ്റി. സ്വന്തം മക്കളെ കാണാനാകാതെ അമ്മമാര്‍ കരഞ്ഞു. ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന മാതാപിതാക്കളെ കാണാന്‍ മക്കള്‍ക്ക് സാധിച്ചില്ല. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി യഥാവിധി മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പോലും സാധിച്ചില്ല, മോദി പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് പ്രധാനമന്ത്രി വേദന കടിച്ചമർത്തിയത്.

നേട്ടത്തിന് പിന്നിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനദിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ വഴിയായി രണ്ട് വാക്‌സിനുകള്‍ എത്തിക്കാനായി. രാജ്യത്തിന്റെ പുരോഗതിയുടെ സൂചനയാണിത്. മൂന്ന് കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. രണ്ടാംഘട്ട വാക്‌സിന്‍ വിതരണവും സൗജന്യമായി നടത്തും. രണ്ടാമത്തെ ഡോസ് വാക്‌സിനും എല്ലാവരും എടുക്കണം. പൂര്‍ണ പ്രതിരോധം കൈവരിക്കുന്നത് രണ്ടാം ഘട്ടത്തിന് ശേഷം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.