ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതൽ ഇന്ത്യ കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യും

ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതൽ ഇന്ത്യ കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യും

January 20, 2021 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ആറ് രാജ്യങ്ങളിലേക്കുള്ള കൊറോണ പ്രതിരോധ വാക്‌സിന്‍ കയറ്റുമതി ഇന്ന് ആരംഭിക്കും. കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ആണ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്സിന്‍ കയറ്റി അയക്കുന്നത്.

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതിയ്ക്കായി വിവിധ ഏജന്‍സികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഉടന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഷീല്‍ഡ് വാക്സിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ വാക്സിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.