മധ്യ കേരളത്തിലെ മുന്നേറ്റം പൂര്‍ണ്ണമായും കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്നു വരവില്‍ സംഭവിച്ചതല്ല; സിപിഐ
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുപക്ഷത്തേക്കുള്ള കടന്നു വരവിനെ വലുതാക്കി കാണിക്കേണ്ടതില്ലെന്ന് സിപിഐ. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിര്‍വാഹക സമിതി യോഗത്തില്‍ നടന്ന അവലോകനത്തിലാണ് സിപിഐ ഇക്കാര്യം പറഞ്ഞത്.
മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രവേശനം മധ്യകേരളത്തില്‍ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ മധ്യ കേരളത്തില്‍ നേടിയ മുന്നേറ്റം പൂര്‍ണ്ണമായും കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്നു വരവില്‍ സംഭവിച്ചതാണെന്ന് പറയാന്‍ കഴിയില്ല. കോട്ടയം ജില്ല പഞ്ചായത്തില്‍ തന്നെ നാല് സീറ്റില്‍ കേരള കോണ്‍ഗ്രസ് തോറ്റു. രാമപുരം പഞ്ചായത്തിലും ഇടുക്കിയിലും ജോസഫ് ഗ്രൂപ്പിന്റെ ആധിപത്യത്തിന് കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല. പൊതുവില്‍ പ്രചരിക്കുന്നത് പോലെ കേരള കോണ്‍ഗ്രസിന്റെ വരവ് കൊണ്ട് മാത്രമല്ല എല്‍ഡിഎഫിന്റെ മുന്നേറ്റമെന്നും സമിതി വിലയിരുത്തി.
അതേസമയം കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്ത് ചേര്‍ന്ന സമയത്തുണ്ടായിരുന്ന വിയോജിപ്പ് സിപിഐയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് പുതിയ അഭിപ്രായ പ്രകടനങ്ങള്‍ കാണിക്കുന്നത്. കേരള കോണ്‍ഗ്രസ് എം വലിയ പാര്‍ട്ടിയല്ലെന്നാണ് അന്ന് സിപിഐ ചൂണ്ടിക്കാണിച്ചത്.