'ജൂനിയര്‍ മാന്‍ഡ്രേക്ക്' എന്ന സിനിമ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണണമെന്ന ഉപദേശവുമായി മാണി സി കാപ്പന്‍

കോട്ടയം: യുഡിഎഫ് പിണറായിക്ക് കൈമാറിയ ജൂനിയര്‍ മാന്‍ഡ്രേക്കാണ് ജോസ് കെ മാണിയെന്ന് മാണി സി കാപ്പന്‍. ജോസ് കെ മാണിയെ എല്‍ഡിഎഫ് ഏറ്റെടുത്തു. ഇതോടെ എല്‍ഡിഎഫിന്റെ കഷ്ടകാലം തുടങ്ങിയെന്നും…

കോട്ടയം: യുഡിഎഫ് പിണറായിക്ക് കൈമാറിയ ജൂനിയര്‍ മാന്‍ഡ്രേക്കാണ് ജോസ് കെ മാണിയെന്ന് മാണി സി കാപ്പന്‍. ജോസ് കെ മാണിയെ എല്‍ഡിഎഫ് ഏറ്റെടുത്തു. ഇതോടെ എല്‍ഡിഎഫിന്റെ കഷ്ടകാലം തുടങ്ങിയെന്നും കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാപ്പന്‍. ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ ഒന്ന് കാണണം എന്നാണ് എനിക്ക് പിണറായി വിജയനോട് പറയാനുള്ളത്. അതില്‍ ഒരു പാഴ്‌സല്‍ വരുന്നുണ്ട്. എന്നെ പോലൊരു മൊട്ടത്തലയന്‍. അത് ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാണാം. യുഡിഎഫിന്റെ നേതാക്കള്‍ ആ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിന് കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാവുമെന്ന് ഉറച്ച്‌ പറയാന്‍ എനിക്ക് കഴിയും.

പാലായിലെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്- കാപ്പന്‍ പറഞ്ഞു. പാലായില്‍ കഴിഞ്ഞ 16 മാസത്തിനിടെ 460 കോടിയുടെ വികസനം കൊണ്ടുവരാന്‍ സാധിച്ചു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്ന് പറഞ്ഞാണ് യുഡിഎഫ് വേദിയില്‍ കാപ്പന്‍ പ്രസംഗം തുടങ്ങിയത്. കഴിഞ്ഞതവണ തന്നെ ജയിപ്പിച്ചതിന് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും മന്ത്രിമാര്‍ക്കും നന്ദിയുണ്ടെന്നും കാപ്പന്‍ പറഞ്ഞു. പാലായുടെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ജോസ് കെ മാണിയും വി എന്‍ വാസവനും തുരങ്കംവയ്ക്കുകയാണ്. ശനിയാഴ്ച തനിക്കെതിരേ പാലായില്‍ പ്രകടനം നടന്നു. കഴിഞ്ഞ 25 വര്‍ഷം എന്റെ ചോരയും നീരും കാശും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്.

പാലാ കൊടുക്കാമെന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെങ്കില്‍ പോപ്പ് വേറെ ആണെന്ന് ജോസ് മറന്നുപോയി. പാലായില്‍ ജനങ്ങള്‍ അത് മനസ്സിലാക്കിക്കൊടുക്കും. 53 വര്‍ഷമായിട്ട് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് തന്റെ കാലത്ത് ചെയ്യാന്‍ കഴിഞ്ഞു. തന്റെ ചോരയും പണവും ഉപയോഗിച്ചവരാണ് തനിക്കെതിരേ പ്രകടനം നടത്തിയത്. താന്‍ രാജിവയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് മാറി അഞ്ചുമാസം കഴിഞ്ഞാണ് രാജിവച്ചത്. എല്‍ഡിഎഫിലെത്തിയിട്ട് ഇതുവരെയും രാജിവയ്ക്കാത്ത റോഷിയും ജയരാജനും ചാഴിക്കാടനും ഇപ്പോഴും എംഎല്‍എമാരാണ്.

എന്റെ രാജി ആവശ്യപ്പെടുന്നവര്‍ അതുകൂടി ഓര്‍ക്കണം. പാലായില്‍ ആദ്യമായി എംഎല്‍എ ഓഫിസ് ഉണ്ടായി. ഇവിടെ വന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായി. തന്റെ വീട്ടിലേക്ക് ആര്‍ക്കും കയറിവരാം. പാലാ തന്റെ ചങ്കാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് മൂന്നുവര്‍ഷം ജയില്‍വാസം അനുഭവിച്ച ആളാണ് എന്റെ അച്ഛന്‍ ചെറിയാന്‍ ജെ കാപ്പന്‍. അദ്ദേഹത്തിന്റെ ജൂനിയറായി 10 വര്‍ഷം പ്രവര്‍ത്തിച്ച കെ എം മാണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ചെറിയാന്‍ ജെ കാപ്പനാണെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story