തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്: തൂത്തുക്കൂടി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി
ചെന്നൈ: സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാലക്കെതിരായ ജനകീയമാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂത്തുക്കുടി സ്വദേശി സെല്‍വശേഖറാണ്(42) മരിച്ചത്. അതിനിടെ, കഴിഞ്ഞദിവസം അണ്ണാനഗറില്‍ കാളിയപ്പനെന്ന യുവാവ് കൊല്ലപ്പെട്ടത് പൊലീസ് മര്‍ദനമേറ്റാണെന്ന് ആരോപണമുയര്‍ന്നു. റബര്‍ ബുള്ളറ്റുകൊണ്ടുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസ് ഭാഷ്യം. കാളിയപ്പനുപുറമെ മറ്റ് മൂന്നുപേര്‍ക്കും മര്‍ദനമേറ്റിരുന്നു.
ചൊവ്വാഴ്ച വെടിവെപ്പില്‍ പരിക്കേറ്റ സെല്‍വശേഖര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഹൈകോടതി ഉത്തരവില്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. കലക്ടറെയും എസ്.പിയെയും സ്ഥലംമാറ്റിയെങ്കിലും അസ്വസ്ഥത പുകയുകയാണ്.
കസ്റ്റഡിയിലെടുത്ത 132 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ പരിക്കേറ്റവര്‍ക്ക് കൂട്ടിനിരുന്നവരും രോഗികളെ കാണാന്‍ വന്നവരും അറസ്റ്റിലായിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചവരൊക്കെ പിടിയിലാണ്.
അതേസമയം, പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഡി.എം.കെയും പ്രതിപക്ഷ പാര്‍ട്ടികളും ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തുടങ്ങി. രാവിലെ മുതല്‍ വൈകീട്ടു വരെയാണ് ബന്ദാചരണം. കോണ്‍ഗ്രസ്, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സി.പി.ഐ, സി.പി.എം, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് ഡി.എം.കെക്കൊപ്പം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.