സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: പ്രധാന മന്ത്രി
ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സുദൃഢമായ നയ രൂപവത്കരണം ആവശ്യമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഈ സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയുടെ വളര്‍ച്ചക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനെ പിന്തുണക്കണം. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാകുന്നതിനുള്ള അവസരങ്ങള്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ എന്ന നിലയില്‍ നാം ഒരുക്കിക്കൊടുക്കണം. കൊവിഡ് കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും എത്ര മാത്രം ഒരുമിച്ച് പ്രവര്‍ത്തിച്ചു വെന്നത് നാം കണ്ടതാണ്. ഇത് ലോകത്താകെ ഇന്ത്യക്ക് നല്ല പ്രതിച്ഛായയുണ്ടാക്കാന്‍ സഹായിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയും പൊതു ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയും വേണം. അങ്ങനെ സഹകരണ ഫെഡറല്‍ സംവിധാനം കൂടുതല്‍ അര്‍ഥവത്താക്കാന്‍ കഴിയണം. സംസ്ഥാനങ്ങളുമായി മാത്രമല്ല, ജില്ലകളുമായും ഇത്തരം സഹവര്‍ത്തിത്വം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ പ്രമുഖര്‍ യോഗത്തിനെത്തിയില്ല. നീതി അയോഗ് യോഗങ്ങളില്‍ നിന്ന് മമത നേരത്തെയും വിട്ടു നിന്നിരുന്നു. നീതി അയോഗിന് സാമ്പത്തിക ശേഷിയില്ലെന്നും സംസ്ഥാനങ്ങളുടെ പദ്ധതികളെ സഹായിക്കാനാവില്ലെന്നും അതു കൊണ്ടു തന്നെ അതിന്റെ യോഗങ്ങള്‍ പ്രയോജന ശൂന്യമാണെന്നുമാണ് മമതയുടെ ആരോപണം.