എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ല ; തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലിൽ സിപിഎം നേതൃത്വം എത്തിയതായി റിപ്പോർട്ടുകൾ. ഇതോടെ ചികില്‍സയ്ക്കായി അവധിയെടുത്ത പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നാണ് പാർട്ടി അനുഭാവികൾ നോക്കിയിരിക്കുന്നത്. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം എന്നാണ് സൂചന.അങ്ങനെയെങ്കിൽ ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ മല്‍സരിക്കാനിറങ്ങിയേക്കും. അതേസമയം, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളും, ആര്‍ക്കൊക്കെ ഇളവ് നല്‍കണം എന്നതും യോഗം ചര്‍ച്ച ചെയ്യും. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ഇതുവരെയുളള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സി പി ഐ ഉള്‍പ്പടെയുളള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി നടത്തിയ വികസന മുന്നേറ്റ ജാഥയെ സംബന്ധിച്ചും സെക്രട്ടറിയറ്റ് യോഗം വിലയിരുത്തും