ശബരിമല കേസില്‍ വിധി ;ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ പ്രശംസിച്ച് അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: കേരളത്തിലെ വിവാദമായ ശബരിമല കേസില്‍ “ഭരണഘടന ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം ” എന്ന ഭിന്നവിധി പ്രഖ്യാപിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ പ്രശംസിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍.ഭരണഘടന ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം എന്ന സന്ദേശം ഭിന്നവിധിയിലൂടെ സഹ ജഡ്ജിമാര്‍ക്ക് നല്‍കിയ മികച്ച ജഡ്ജിയാണ് ഇന്ദു മല്‍ഹോത്രയെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സുപ്രീം കോടതിയിലെ അവസാന പ്രവര്‍ത്തി ദിവസം ആണ് ഇന്ന്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ഭിന്നവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും അത്ഭുതപ്പെടുത്തിയതായി കോടതിയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ശബരിമല കേസില്‍ ‘ഭരണഘടന ധാര്‍മികത ‘സംബന്ധിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്നും അറ്റോര്‍ണി ജനറല്‍ വിലയിരുത്തി.ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെക്കാളും മികച്ച ഒരു ജഡ്ജിയെ തനിക്ക് അറിയില്ല എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ജുഡീഷ്യല്‍ വ്യവസ്ഥ മെച്ചപ്പെടുത്താന്‍ നല്‍കിയിട്ടുണ്ടെന്ന് നന്ദി പ്രസംഗത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു. വികാരാധീനയായതിനെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നാളെ ആണ് ഔദ്യോഗികമായി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിരമിക്കുന്നത്. ശബരിമല കേസിന് പുറമെ പത്മനാഭസ്വാമി ക്ഷേത്രം കേസിലും വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.