ഡോ. വിജയ ലക്ഷ്മിയെ തടങ്കലില്‍ വച്ച്‌ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി

തിരുവനന്തപുരം: കേരള സര്‍വകലാശാലാ യുവജനോല്‍സത്തിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയെ തടങ്കലില്‍ വച്ച്‌ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതി തള്ളി.

നിയമസാധുതയില്ലാത്ത ഉത്തരവിറക്കിയ സര്‍ക്കാരിനെയും ഉത്തരവ് അനുസരിച്ച്‌ കണ്ണുമടച്ച്‌ പിന്‍വലിക്കല്‍ ഹര്‍ജിയുമായെത്തിയ സര്‍ക്കാര്‍ അഭിഭാഷകയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി കുറ്റം ചുമത്തലിന് പ്രതികള്‍ ഹാജരാകാനും ഉത്തരവിട്ടു.

2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. സമരത്തിനിടെ റഹീമിന്റെ നേതൃത്വത്തിൽ എസ്എഫ്‌ഐ പ്രവർത്തകർ വിജയ ലക്ഷ്മിയെ അന്യായ തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. പരാതിയിൽ റഹീമിനോടും മറ്റ് പ്രതികളോടും ജൂൺ 14ന് ഹാജരാകാനും കോടതി നിർദ്ദേശമുണ്ട്. കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ. വിജയലക്ഷ്മി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സിന്‍ഡിക്കേറ്റംഗവും നിലവില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ എ. എ. റഹീം , ഡി വൈ എഫ് ഐ നേതാക്കളും മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകരുമായ എസ്. അഷിദ , ആര്‍. അമല്‍ , പ്രദിന്‍ സാജ് കൃഷ്ണ , അബു. എസ്. ആര്‍ , ആദര്‍ശ് ഖാന്‍ , ജെറിന്‍ , അന്‍സാര്‍ . എം , മിഥുന്‍ മധു , വിനേഷ് .വി .എ , അപരന്‍ ദത്തന്‍ , ബി. എസ്. ശ്രീന എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എക്കാലത്തു സഹയാത്രികയായി നിന്ന അദ്ധ്യാപികയെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച്‌ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍.

കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്‌സിറ്റി കലോല്‍സവ സമയത്ത് പ്രതികള്‍ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. എന്നാല്‍ യൂണിവേഴ്സിറ്റി ചട്ട പ്രകാരം മുന്‍പ് ഫണ്ടില്‍ നിന്നും നല്‍കിയ തുകയുടെ ചിലവഴിക്കല്‍ രേഖകളായ ബില്ലുകള്‍ അടക്കമുള്ള പത്രിക ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കാന്‍ പാടുള്ളുവെന്ന് പ്രൊഫസര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുനൂറോളം വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച്‌ ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് ആരോപണം

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story