കോഴിക്കോട്ട് എംഡിഎംഎ ഡ്രഗുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി പാലറബ് സ്വദേശി നൈജിലിനെയാണ് മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി പൊലീസ് ചീഫ് ഡിഐജി എവി ജോർജ്ജിൻ്റെ നിർദ്ദേശത്തെ തുടർന്ന് നാർക്കോട്ടിക്ക് സെൽ എസിപി രജികുമാറിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ലോക്കൽ പൊലീസും പരിശോധന ശക്തമാക്കിയിരുന്നു. മുമ്പ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെയും കോഴിക്കോട് നഗരത്തിലെ ലോഡ്ജുകളും പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരവേ മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജിൽ വച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടി സ്ഥാനത്തിൽ മെഡിക്കൽ കോളേജ് എസ്ഐ ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് കൂടുതലായും കോഴിക്കോട്ടേക്ക് എത്തുന്നത്.കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു