കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ നൂറോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തി; ആശങ്കയിൽ നാട്ടുകാർ
പട്‌ന: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 50ഓളം മൃതദേഹങ്ങള്‍ ഗംഗയിലൂടെ ബിഹാറിലെ ബക്‌സറില്‍ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി ഗംഗാനദിയില്‍ തള്ളിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇവ കോവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നു സ്ഥിരീകരണമില്ല.
ബസ്തറിലെ ഗംഗാ നദിയിലെ മഹാദേവ് ഘട്ടിലാണ് 100ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന നഗര്‍ പരിഷത്ത് ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയത്. ഈ മൃതദേഹങ്ങള്‍ വേലിയേറ്റത്തിന് ഗംഗയില്‍ ഒഴുകുകയും ബാക്കിയുള്ളവ തെരുവ് പട്ടികള്‍ കടിച്ച് പറിക്കുകയും ചെയ്യുന്നതിനാല്‍ കോവിഡ് പകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഹാമിര്‍പുര്‍ ജില്ലയില്‍ ശ്മശാനങ്ങളെല്ലാം നിറഞ്ഞതോടെ സാധാരണ അസുഖം വന്നു മരിച്ചവര്‍ക്കു സംസ്കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍, രോഗം വന്നു ജനങ്ങള്‍ കൂടുതലായി മരിക്കുകയാണ്. അതേസമയം, മൃതദേഹങ്ങള്‍ കണ്ടെടുത്തതില്‍ ബിഹാറും ഉത്തര്‍പ്രദേശും തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. മൃതദേഹങ്ങള്‍ അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്ന് ബിഹാറിലെ ബുക്‌സാര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.