കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതിന് പിന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാസ്ഥ !

കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതിന് പിന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാസ്ഥ !

May 16, 2021 0 By Editor

കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതിന് പിന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാസ്ഥയെന്ന് ആരോപണം .

കുന്ദമംഗംലം പാണരുകണ്ടിയില്‍ സുന്ദരന്‍ എന്ന വ്യക്തിയുടെ മൃതദേഹത്തിന് പകരം കോഴിക്കോട് കക്കോടി സ്വദേശിയായ കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇന്ന് സുന്ദരന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് സുന്ദരന്റെ ബന്ധുക്കള്‍ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് കൗസല്യയുടെ ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുന്ദന്റേതെന്ന് പറഞ്ഞ് സുന്ദരന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്റെ മൃതദേഹം  കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സുന്ദരന്റേതെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കുകയായിരുന്നു. സംസ്‌കാരം നടത്തിയതിന് ശേഷമാണ് മൃതദേഹം മാറിപ്പോയതാണെന്ന് അറിയിച്ചത്. കോവിഡ് ബാധിച്ച്‌ മരിച്ചതായതിനാല്‍ തന്നെ മുഖം തുറന്ന് നോക്കാന്‍ അനുവദിച്ചിരുന്നില്ലെന്നു സഹോദരൻ പറഞ്ഞു .

അതേ സമയം സംഭവത്തില്‍ അനാസ്ഥ കാണിച്ച ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷന്‍ അംഗം എം ധനീഷ് ലാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരേ സമയം രണ്ട് മൃതദേഹങ്ങളോട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ അനാദരവ് കാണിച്ചതെന്നും കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും ധനീഷ് ലാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല.