ബി.ജെ.പി കോര്‍കമ്മിററി യോഗം പൊലീസ് തടഞ്ഞു
കൊച്ചി: ബി.ജെ.പി കോര്‍കമ്മിററി യോഗത്തിന് പൊലീസ് വിലക്ക്. വൈകീട്ട് മൂന്നുമണിക്ക് കോര്‍കമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളില്‍ യോഗം ചേരാന്‍ അനുവാദമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നല്‍കി. ഹോട്ടലുകളില്‍ യോഗം ചേരാന്‍ കോവിഡ് മാനദണ്ഡപ്രകാരം അനുമതിയില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംഘടനകള്‍ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യോഗം ചേരാന്‍ കഴിയുമോ എന്ന സാധ്യതയും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ഭാരവാഹികള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരണം നടത്തിയ മുന്‍ പ്രസിഡന്റ് സി.കെ. പത്മനാഭനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. വിവാദങ്ങളില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ആര്.എസ്.എസിനെയും വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന അമര്‍ഷം നേതൃത്വത്തിനുണ്ട്