
വൻ പ്രതിഷേധം; മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി ജി.ബി പന്ത് ആശുപത്രി
June 6, 2021ഡല്‍ഹി: ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി.ബി. പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പെടെ കനത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. അതേസമയം, ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു.
ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കരുതെന്നും ജോലി സ്ഥലത്ത് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാവുയെന്നായിരുന്നു നിര്‍ദ്ദേശം. മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഉത്തരവിനെതിരെ അശുപത്രിയിലെ മലയാളി നഴ്സുമാര്‍ക്ക് പുറമെ വിവാദ സര്‍ക്കുലറില്‍ പ്രതിഷേധവുമായി ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലെ നഴ്സുമാരും രംഗത്ത് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.