എച്ച് എടുക്കണ്ട.. എട്ട് വരക്കണ്ട; ഡ്രൈവിങ് ടെസ്റ്റുകൾ നടത്താതെ തന്നെ ലൈസൻസ് നൽകാനുള്ള പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ
ഡൽഹി: റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് അഥവാ ആർടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകൾ നടത്താതെ തന്നെ ലൈസൻസ് നൽകാനുള്ള പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇതിനായി അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ പുതിയതായി തുടങ്ങാനാണ് നിർദേശം. ഈ സെന്‍ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആർടിഒയുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ ജൂലായ് ഒന്നിന് നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു.
ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന പുതിയ ചില നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുകയാണെന്ന് നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു. 2021 ഫെബ്രുവരിയില്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കരട് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. ഈ ട്രെയിനിങ് സെന്ററുകൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ അന്നുള്ള വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പൗരന്മാർക്ക് മികച്ച ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇത്തരം സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാൽ, ഇത്തരം സെന്ററുകൾ പൂർണമായും സർക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.