മാസങ്ങളായി അസമില്‍ ലോക്ഡൗണില്‍ കുടുങ്ങിക്കിടന്ന കോഴിക്കോട് സ്വദേശിയായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ബസ്സിനുള്ളില്‍ ആത്മഹത്യ ചെയ്തു ; ആത്മഹത്യ നാട്ടിലേക്ക് വരാന്‍ അനുമതി കിട്ടിയത് അറിയാതെ !

June 15, 2021 0 By Editor

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ബസ് ജീവനക്കാരന്‍ അസമില്‍ വെച്ച്‌ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി മേപ്പയ്യൂര്‍ സ്വദേശി നരക്കോടില്‍ വീട്ടില്‍ അഭിജിത് ആണ് ബസിനുള്ളില്‍ ആത്മഹത്യ ചെയ്തത്. 26 വയസ്സായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അഭിജിത് അടക്കമുള്ള കേരളത്തില്‍ നിന്നുള്ള നിരവധി ബസ് ജീവനക്കാര്‍ അസം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിൽ നിന്നും അസമിലേക്ക് പോയതായിരുന്നു അഭിജിത്. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരിച്ച്‌ നാട്ടിലേക്ക് വരാന്‍ സാധിച്ചില്ല. മാത്രവുമല്ല തൊഴിലാളികള്‍ തിരികെ വരാന്‍ തയ്യാറാകാതിരുന്നതും പ്രതിസന്ധിയായി.

അസമിലെ നഗോണില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനകത്ത് വച്ചാണ് അഭിജിത് ആത്മഹത്യ ചെയ്തത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അച്ചനും സഹോദരിയും മരണപ്പെട്ട അഭിജിത് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. വടകര സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്ന അഭിജത് ജോലി ചെയ്തിരുന്ന ടൂറിസ്റ്റ് ബസ്. ഇന്ന് നാട്ടിലേക്ക് തിരികെ വരാന്‍ അനുമതി വാങ്ങിയിരുന്നതായി ബസ് ഉടമ സനല്‍ അറിയിച്ചു. എന്നാല്‍ അനുമതി ലഭിച്ച വിവരം അറിയുന്നതിന് മുമ്ബ് തന്നെ അഭിജിത് ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് വിവരം. അഭിജിതിന്റെ സമാനമായി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി ബസ്തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.