സമ്മാനമായി ലഭിച്ച രണ്ട് വള്ളങ്ങളും അക്കൗണ്ടില്‍ നിന്ന് 5.08 ലക്ഷം രൂപയും സഹോദരി കൈക്കലാക്കി; പോലീസിൽ പരാതിയുമായി കായൽ സംരക്ഷകൻ രാജപ്പൻ

June 18, 2021 0 By Editor

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ച കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന്റെ അക്കൗണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി. സഹോദരിയും കുടുംബവും ചേർന്ന് അക്കൗണ്ടിലുള്ള 508,000 രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതുസംബന്ധിച്ച് രാജപ്പൻ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ചെറുവള്ളത്തിൽ തളർന്ന കാലുമായി കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാലിന്യ നിർമ്മാജനത്തിലൂടെയാണ് രാജപ്പനെ ലോകം അറിയുന്നത്.

ഇദ്ദേഹത്തിന്റെ സഹോദരി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകനും ആർപ്പൂക്കര സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ജയലാൽ എന്നിവർ ചേർന്നാണ് പണം തട്ടിയെടുത്തത്. സഹോദരന്റെ സംരക്ഷണത്തിലാണ് രാജപ്പൻ താമസിക്കുന്നത്. ഇരുകാലുകളും തളർന്ന രാജപ്പന്റെ ഉപജീവന മാർഗം കായലിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ വിറ്റുള്ള കാശാണ്. പ്രധാനമന്ത്രികൂടി പരാമർശിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നും രാജപ്പനെ തേടി സഹായങ്ങൾ ഒഴുകിയെത്തിയിരുന്നു.

കായൽ സംരക്ഷണത്തിന് കഴിഞ്ഞ ദിവസം തായ്‌വാന്റെ പുരസ്‌കാരവും ധനസഹായവും ലഭിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിക്കാൻ രാജപ്പൻ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. അംഗവൈകല്യം ഉള്ളതിനാൽ സഹോദരിയുടേയും കൂടി ചേർത്ത് ജോയിന്റ് അക്കൗണ്ടാണ് രാജപ്പന്റേത്. പല സമയങ്ങളിലായി 21 ലക്ഷം രൂപ എത്തുകയും ചെയ്തു. ഇതിൽ നിന്നുമാണ് ബന്ധുക്കൾ പണം തട്ടിയെടുത്തത്.

73-ാമത് മന്‍ കി ബാത്തിലാണ് വേമ്പനാട് കായലിന്റെ സംരക്ഷകന്‍ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന ആളാണ് കോട്ടയം കുമരകം സ്വദേശിയായ രാജപ്പന്‍. ജന്മനാ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല. മഹാത്തായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതോടെ സമൂഹത്തിന് വേണ്ടി എല്ലാ പരാധിനീതകളും മറന്ന് നന്മ ചെയ്യുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ രാജപ്പന്‍ ചേട്ടന്‍ ജീവിതവും ചര്‍ച്ചയായി.

കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് രാജപ്പേട്ടന്റെ ജീവിതം. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലില്‍ ഇറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന്‍ ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടില്‍ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തള്ളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയില്‍ രാജപ്പന്‍ സന്തുഷ്ടനാണ്.വീട്ടില്‍ നിന്നു രാവിലെ ഒന്‍പതോടെ പുറപ്പെടും. വഞ്ചി നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി തിരികെയെത്തുമ്പോള്‍ നേരം ഇരുട്ടും. ചിലപ്പോള്‍ പിറ്റേന്നാകും മടങ്ങിയെത്തുക. കൈകള്‍ നിലത്തു കുത്തി ഇഴഞ്ഞേ മുന്നോട്ടു നീങ്ങാന്‍ കഴിയൂ. പല ജോലികളും ചെയ്തു നോക്കിയെങ്കിലും ആരോഗ്യപ്രശ്നം മൂലം തുടരാനായില്ല. ഇതോടെയാണു ശ്രമകരമല്ലാത്ത ജോലികളിലേക്കു തിരിഞ്ഞത്. ദിവസക്കൂലിക്ക് എടുത്ത വള്ളത്തിലാണ് ആദ്യം കായലില്‍ പോയിരുന്നത്. പിന്നീടു സന്നദ്ധ സംഘടനകളുടെ കാരുണ്യത്തില്‍ സ്വന്തമായി വള്ളം കിട്ടി. അങ്ങനെ പുതിയ രക്ഷാ ദൗത്യത്തിന്റെ നായകനായി.