പിഞ്ചുകുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം; ഇവരെ ഒടുവിൽ കണ്ട സ്ഥലത്തു നിന്ന് എലിവിഷത്തിന്റെ  പായ്ക്കറ്റ്  കണ്ടെത്തി ” യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ തെരച്ചില്‍”

പിഞ്ചുകുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം; ഇവരെ ഒടുവിൽ കണ്ട സ്ഥലത്തു നിന്ന് എലിവിഷത്തിന്റെ പായ്ക്കറ്റ് കണ്ടെത്തി ” യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ തെരച്ചില്‍”

June 25, 2021 0 By Editor

കൊല്ലം: കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. കാണാതായവര്‍ക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.

ഇതില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. ഇതോടെ തന്നെ ഇവര്‍ പരിഭ്രാന്തരായിരുന്നു. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്ന സിസിടിവി കണ്ടെത്തിയിട്ടുണ്ട്. ഇതിന് അടുത്ത് എലിവിഷത്തിന്റെ കവറും പൊലീസിന് കിട്ടി. ഇതോടെ യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ തെരച്ചില്‍ നടക്കുകയാണ്.

ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്.എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച്‌ ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു സ്ഥിരീകരണം.