കോവിഡ്; അടുത്ത 125 ദിവസം നിര്‍ണായകമെന്ന് കേന്ദ്രം

കോവിഡ്; അടുത്ത 125 ദിവസം നിര്‍ണായകമെന്ന് കേന്ദ്രം

July 16, 2021 0 By Editor

ന്യൂഡൽഹി: ഇന്ത്യയ്ക്ക് കോവിഡിനെതിരേയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം നിയന്ത്രിക്കാൻ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഇതിന് സാധിക്കുകയുള്ളു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കി.

നിരവധി രാജ്യങ്ങളിൽ കോവിഡ് സാഹചര്യം കൂടുതൽ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊള്ളണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.