ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളമല്ല: മാലിക് സിനിമയ്‌ക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം
ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ സിനിമയ്‌ക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തിൽ സിനിമ ചിത്രീകരിച്ചു എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ആണ് പള്ളിപരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ബീമാപള്ളി വെടിവയ്പ്പ് സിനിമ തെറ്റായി ചിത്രീകരിച്ചുവെന്നും 2009ലെ ബീമാപള്ളി വെടിവയ്പ്പിന് പിന്നിലെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു . ബീമാപ്പള്ളിയിലെ ഇരുവിഭാഗം ജനങ്ങളുടെ കഥയാണ് മാലിക് പറഞ്ഞുവെയ്‌ക്കുന്നത്. ചിത്രത്തിന് ജീവിച്ചിരിക്കുന്നവരുമായോ ചരിത്രസംഭവങ്ങളുമായോ ബന്ധമില്ലെന്ന് പറയുന്നുവെങ്കിലും ബിമാപള്ളിയിൽ നടന്ന വെടിവെയ്പിന്റെ രാഷ്‌ട്രീയമാണ് മാലിക് പറയാതെ പറയുന്നത്.
ചിത്രത്തിനെതിരെ ഇരുവിഭാഗവും രംഗത്ത് വന്നിരുന്നു. റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേർന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ് ഈ കഥ അരങ്ങേറുന്നത്. സാങ്കൽപ്പിക ഇടങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ നാലു പതിറ്റാണ്ടു മുമ്പ് ഉണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി സിനിമയിലുടനീളം മുഴങ്ങുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഫോറിൻ വസ്തുക്കളുടെയും, സി.ഡി.കളുടെയും പ്രധാന മേഖലയാണ് പള്ളിക്കു ചുറ്റുമുള്ള വാണിജ്യ കേന്ദ്രം. വാണിജ്യകേന്ദ്രത്തിൽ നിന്ന് തുടങ്ങി പിന്നീട് തോക്കുകൾ വരെ എത്തുന്ന ബീമാപള്ളിയാണ് സിനിമയിലൂടെ തെളിയുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.