രാജ്യത്ത് ദാരിദ്ര്യമില്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ല; ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് സുപ്രീംകോടതി
രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ദാരിദ്ര്യമില്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ല. ഇക്കാര്യത്തിലുള്ള വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയെ ബെഞ്ച് നിരീക്ഷിച്ചു.
പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. രണ്ട് ആഴ്ചക്കകം ഹരജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.