
രാജ്യത്ത് 24 വ്യാജ സര്‍വ്വകലാശാലകള്‍; എട്ടെണ്ണം യു.പിയില്‍, ഡല്‍ഹിയില്‍ ഏഴ്, കേരളത്തില്‍ ഒന്ന്
August 3, 2021ന്യൂഡല്‍ഹി: രാജ്യത്ത് 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോക്‌സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പ്രധാന്റെ വിശദീകരണം. യു.ജി.സി കണ്ടെത്തിയ സര്‍വ്വകലാശാലകളുടെ പട്ടികയും മന്ത്രി പുറത്തു വിട്ടു. എട്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ മുന്നില്‍. ഉത്തര്‍പ്രദേശിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സര്‍വകലാശാലകളും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജനെന്നാണ് യു.ജി.സിയുടെ കണ്ടെത്തല്‍.
തങ്ങളുടെ അധികാരപരിധിയിലുള്ള ഇത്തരം സര്‍വകലാശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.1956 ലെ യുജിസി നിയമം ലംഘിച്ചുകൊണ്ടുള്ള ഏതെങ്കിലും സ്വയം പ്രഖ്യാപിത വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുകയോ അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍, അനധികൃത ബിരുദ സെര്‍ട്ടിഫികറ്റുകള്‍ നല്‍കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍, മുന്നറിയിപ്പ് നോട്ടിസുകള്‍ നല്‍കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.