സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായി കാണണം; ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി

ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി. ലൈംഗിക താൽപര്യത്തോടെ സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായി കാണണമെന്നാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയുടെ കാലുകളിൽ ലൈംഗികാവയവം ഉരസിയെന്ന കേസിൽ വിചാരണ കോടതി പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മൂവാറ്റുപുഴ സ്വദേശി സന്തോഷ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

തനിക്കെതിരായ കേസ് ബലാൽസംഗത്തിൻറെ പരിധിയിൽ വരാത്ത പ്രവൃത്തിയാണെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതി അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച ഹെക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പ്രതിക്കെതിരായ പോക്സോ കുറ്റം റദ്ദാക്കിയെങ്കിലും, ബലാൽസംഗക്കുറ്റം ശരിവെക്കുകയും ആജീവനാന്ത തടവ് ജീവപര്യന്തമാക്കി കുറച്ച് ഉത്തരവിട്ടു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശിനിയായ പതിനൊന്നുകാരി സ്കൂളിലെ മെഡിക്കൽ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ സ്വദേശിക്കെതിരെ പീഡന പരാതി ഉന്നയിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം അനുമതിയില്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ബലാത്സംഗമെന്നും അത്തരത്തിലുള്ള ശാരീരിക ബന്ധമുണ്ടായില്ലെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ, സ്ത്രീ ശരീരത്തിൽ അനുമതിയില്ലാതെ നടത്തുന്ന പ്രവൃത്തികൾ ബലാത്സംഗമായതിനാൽ പ്രതി ചെയ്ത കൃത്യം ബലാൽസംഗ കുറ്റത്തിൻറെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തെളിവുകളൊന്നും നൽകാത്ത സാഹചര്യത്തിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം അംഗീകരിച്ച കോടതി ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയാണ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story