അടിപിടി കേസിൽ ചികിത്സ തേടിയെത്തിയ രണ്ടംഗ സംഘം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിച്ചു ; സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ ജീവനക്കാർ ഒപി ബഹിഷ്കരിച്ചു
തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ എത്തിയ യുവാക്കളാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിച്ചത്. അടിപിടി കേസിൽ ചികിത്സ തേടിയെത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിൽ.രണ്ട് ദിവസം മുൻപ് ഉണ്ടായ മുറിവ് രാത്രി 12 ന് വീണ്ടും ചികിത്സിക്കണമെന്നാവശ്യപ്പെട്ടാണ് സംഘം ആശുപത്രിയിൽ എത്തിയത്. മറ്റ് രോഗികളുണ്ടായിരുന്നതിന്നാൽ വരി നിൽക്കാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ല. ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
അക്രമണം തടയാൻ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും ഇവർ മർദിച്ചു. ഇരുവരെയും ക്രൂരമായാണ് മർദ്ദിച്ചത്. അക്രമികള്‍ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്.
തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ ജീവനക്കാർ ഒപി ബഹിഷ്കരിച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.