ഇതു പോരാ, പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് ശബ്ദസന്ദേശം; ഡിസിപി ഐശ്വര്യ ദോഗ്രെ വിവാദത്തിൽ

ഇതു പോരാ, പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് ശബ്ദസന്ദേശം; ഡിസിപി ഐശ്വര്യ ദോഗ്രെ വിവാദത്തിൽ

August 20, 2021 0 By Editor

കൊച്ചി: കൊവിഡ് 19 നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അനാവശ്യമായി പിഴ ഈടാക്കുകയാണെന്ന ആരോപണങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഡിസിപിയുടെ ഓഡിയോ ക്ലിപ്പ് വിവാദത്തിൽ. കൊച്ചി നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണ കൂട്ടണമെന്നാണ് ഡിസിപി ഐശ്വര്യ ദോഗ്രെ പോലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കിയ സന്ദേശം.

പോലീസ് കൺട്രോള്‍ റൂമിൽ നിന്ന് സ്റ്റേഷനുകളിലേയ്ക്ക് വയര്‍ലെസ് വഴി അയച്ച സന്ദേശത്തിൻ്റെ പകര്‍പ്പ് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതുൽ നിയമവിരുദ്ധ നടപടികള്‍ കണ്ടെത്തണമെന്നും പെറ്റി കേസുകളുടെ എണ്ണം കൂട്ടണമെന്നുമാണ് ചാനൽ പുറത്തു വിട്ട ഓഡിയോ ക്ലിപ്പിലുള്ള സന്ദേശം. പല സ്റ്റേഷനുകളിലും ‘പെര്‍ഫോമൻസ്’ മോശമാണെന്നും ഇവിടങ്ങളിൽ എസ്എച്ച്ഓമാര്‍ കൂടുതൽ പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. പലയിടത്തും രാവിലെ 9 മണി മുതൽ 12 മണി വരെ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും ഈ സമയത്ത് ഉള്‍പ്പെടെ കൂടുതൽ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് നിര്‍ദേശത്തിൽ പറയുന്നത്. പൊതുജനങ്ങളുടെ മേൽ പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്ത് പോലീസ് ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന ആരോപണം നിലനിൽക്കേയാണ് പുതിയ റിപ്പോര്‍ട്ട്. സംഭവം മുൻപ് നിയമസഭയിലും വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. ഇതിനു പുറമെ ഓരോ സ്റ്റേഷനിലും സ്വമേധയാ പത്ത് കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവും നിലനിൽക്കുന്നുണ്ടെന്നാണ് ചാനലിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.