ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ;രണ്ട് വാക്‌സിൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട

ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ;രണ്ട് വാക്‌സിൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട

August 27, 2021 0 By Editor

ന്യൂഡൽഹി: ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. പുതുക്കിയ നിർദ്ദേശ പ്രകാരം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന ആവശ്യമില്ല. വിമാനം, റോഡ്, ജലഗതാഗതം എന്നിവയ്‌ക്ക് പുതിയ മാർഗ്ഗനിർദ്ദേശം ബാധകമാണ്.

ആഭ്യന്തര യാത്ര നടത്തുന്ന വിമാനയാത്രികർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. നിലവിൽ മൂന്ന് സീറ്റുകളുള്ള നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ആഭ്യന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ക്വാറന്റീൻ, ഐസൊലേഷൻ എന്നീ കാര്യങ്ങളിൽ ഓരോ സ്ഥലങ്ങളിലുമുള്ള രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനാന്തര യാത്രയ്‌ക്കുള്ള വിലക്കുകളും കേന്ദ്രം പിൻവലിച്ചിട്ടുണ്ട്.