തബല, വയലിന്‍, ബ്യൂഗിള്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ നാദം വാഹന ഹോണായി കേള്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്: ഗഡ്കരി

മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ശബ്ദ മലിനീകരണം ഒരു മുഖ്യ പ്രശ്‌നമാണ്. വാഹനങ്ങളുടെ ഹോണുകളാണ് പ്രധാനമായും ഈ പ്രശ്നം സൃഷ്ടിക്കുന്നത്. ശബ്ദ മലിനീകരണം ജനങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പഠനങ്ങളും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇതിനൊരു പരിഹാരം കാണാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വാഹനത്തിന്റെ ഹോണുകളുടെ ശബ്ദം കൂടുതല്‍ ആശ്വാസകരമാക്കുന്നതിനായി പുതിയ നിയമ നിര്‍മ്മാണം നടത്തുന്നതിനായി ശ്രമിക്കുന്നുവെന്ന് ലോക്മത് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നിയമങ്ങള്‍ക്കായി ഗതാഗത മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉള്‍പ്പെടുന്ന 'ശരിയായ തരം ഹോണ്‍' ഉപയോഗിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഗഡ്കരി പറഞ്ഞു. “ഞാന്‍ നാഗ്പൂരിലെ ഒരു ഫ്‌ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യുന്നു. പക്ഷേ, വാഹന ഹോണുകള്‍ പ്രഭാത നിശബ്ദതയെ ശല്യപ്പെടുത്തുകയാണ്. ഇതേതുടര്‍ന്നാണ് വാഹനങ്ങളുടെ ഹോണുകള്‍ ശരിയായ രീതിയില്‍ ആയിരിക്കണമെന്ന ചിന്ത മനസ്സില്‍ വന്നത്,” അദ്ദേഹം പറഞ്ഞു.

അതിനായി കാര്‍ ഹോണുകളുടെ ശബ്ദം ഇന്ത്യന്‍ സംഗീത ഉപകരണങ്ങളായിരിക്കണമെന്ന ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയെന്നും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി പറയുന്നു. “തബല, വയലിന്‍, ബ്യൂഗിള്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ നാദം വാഹന ഹോണായി കേള്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്,” ഗഡ്കരി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story