നിപ വൈറസ്: തലേശ്ശരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതും നീട്ടി

June 4, 2018 0 By Editor

കണ്ണൂര്‍: നിപ വൈറസിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി തലേശ്ശരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12വരെ നീട്ടി ജില്ല കളക്ടര്‍ ഉത്തരവിട്ടു. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ മുഴുവന്‍ കോളേജുകളും 12ന് മാത്രമേ തുറക്കാവൂ എന്നും ഉത്തരവിലുണ്ട്.

എന്നാല്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിനെ ഇതില്‍നിന്ന് ഒഴിവാക്കി. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കോളേജുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും. ജൂണ്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണപോലെ പ്രവര്‍ത്തിക്കും. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിനായിരിക്കുമെന്ന് നേരത്തെ കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍, സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കും മാഹിക്കും ഒപ്പം തലശ്ശേരിയിലും 12ലേക്ക് നീട്ടിയത്.