ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ആളുകൾ പിടഞ്ഞു മരിച്ചതായി വ്യാജവാർത്ത പ്രചരിപ്പിച്ചു; മാതൃഭൂമിയും,അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമും വിശദീകരണം നൽകണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ആളുകൾ പിടഞ്ഞു മരിച്ചതായി വ്യാജവാർത്ത പ്രചരിപ്പിച്ചു; മാതൃഭൂമിയും,അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമും വിശദീകരണം നൽകണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

September 22, 2021 0 By Editor

ഡല്‍ഹി ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി ന്യൂസിനോടും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനോടും വിശദീകരണം തേടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് നോട്ടീസ് നല്‍കിയത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ അസംഖ്യം ജനങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന പരാതിയിലാണ് വാര്‍ത്താവിതരണ മന്ത്രാലയം വിശദീകരണം തേടിയത്.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വിദഗ്ദ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രസ്തുത തീയതികളില്‍ ഒരൊറ്റ ആള്‍ പോലും ഡല്‍ഹിയിലെ ആശുപത്രികളില്‍ ഈ പറഞ്ഞ സമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിട്ടില്ല എന്ന് ആണ് പറഞ്ഞിരിക്കുന്നത്. പബ്ലിക് ന്യൂസ് ആയി തന്നെ ഈ വിവരം ആ സമയം ലഭ്യമാണ് എന്നിരിക്കെ ഹാഷ്മിയും മാതൃഭൂമിയും ഇത്തരത്തില്‍ വാര്‍ത്ത വളച്ചൊടിച്ചത് രാജ്യത്തെ ഭരണകൂടത്തിന് എതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം ഉയര്‍ത്താന്‍ ഉള്ള ശ്രമമായിരുന്നു എന്നു വേണം കരുതാന്‍ എന്നാണ് പരാതിക്കാരന്റെ വാദം.

വസ്തുതാന്വേഷണം നടത്താതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും രാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത സംപ്രേഷണം ചെയ്ത മാതൃഭൂമി ന്യൂസ് ചാനലിനും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനും എതിരെ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കും പ്രശാന്ത് ശിവന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.