ശബരിമല ക്ഷേത്രത്തെ തകർക്കാൻ തെറ്റായ വാർത്ത പ്രചരിപ്പിച്ച 24 ന്യൂസ് ചാനൽ മാപ്പ് പറയാൻ തയ്യാറാകണമെന്ന് വിഎച്ച്പി

ശബരിമല ക്ഷേത്രത്തെ തകർക്കാൻ തെറ്റായ വാർത്ത പ്രചരിപ്പിച്ച 24 ന്യൂസ് ചാനൽ മാപ്പ് പറയാൻ തയ്യാറാകണമെന്ന് വിഎച്ച്പി

September 30, 2021 0 By Editor

ശബരിമല ക്ഷേത്രത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച്‌ വ്യാജ രേഖകള്‍ സംഘടിപ്പിച്ച്‌ ന്യൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച ന്യൂസ് 24 ചാനല്‍ മാപ്പു പറയാന്‍ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും തണലില്‍ വളര്‍ന്ന മോന്‍സണ്‍ എന്ന വ്യക്തിയുമായി ചേര്‍ന്ന് ചാനല്‍ നടത്തിയ ഈ ഗൂഢ നീക്കം എന്തിനായിരുന്നു എന്നും ചാനല്‍ അയ്യപ്പ വിശ്വാസികളോടും ജനങ്ങളോടും വ്യക്തമാക്കണം. അല്ലാത്ത പക്ഷം ചാനല്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടേണ്ടി വരും എന്ന് വി എച്ച്‌ പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ വ്യക്തമാക്കി. മോന്‍സണിന്റെ കലൂരെ വീട്ടിലേക്ക് വി എച്ച്‌ പി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാജശേഖരന്‍.

സഹിൻ ആന്റണി എന്ന ഒരു വ്യക്തി നടത്തിയ നീക്കമാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നതല്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം നടക്കുന്ന വേളയിൽ ഇല്ലാത്ത രേഖകൾ കാണിച്ച് ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. മറ്റ് ഹൈന്ദവ സംഘടനകളുമായി ചേർന്ന് ചാനലിന്റെ ഓഫീസുകളിലേക്കുള്ള മാർച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് വി എച്ച് പി സംസ്ഥാന പ്രചാർ പ്രമുഖ എസ്സ് സഞ്ജയൻ അറിയിച്ചു.

400 വര്‍ഷം പഴക്കമുള്ള ‘ചെമ്ബോല തിട്ടൂരം’ എന്ന പേരിലാണ് മോന്‍സണ്‍ മാവുങ്കല്‍ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വര്‍ഷം 843 ല്‍ പുറപ്പെടുവിച്ച ചെമ്ബോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്.

തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ഷഹിന്‍ ആന്റണിയാണ് ഈ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചെമ്ബോല തിട്ടൂര പ്രകാരം ഈഴവര്‍ക്കാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ ഉള്ള അവകാശമെന്നും ഈ രേഖകള്‍ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയില്‍ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമാണ് ഇപ്പോള്‍ ഈ രേഖയെന്നതും ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കിന്റെ കേസ് മുറുകുമ്പോൾ 24 ന്യൂസും പ്രതിക്കൂട്ടിലാവുകയാണ്. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറാണ് മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നതെത്രെ .നേരത്തെ, 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായിരുന്നു. തുടര്‍ന്ന് ചാനല്‍ മുഖം രക്ഷിക്കാന്‍ ഇയാളെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വ്യാജ രേഖകൾ ചമച്ചതിനും, തെറ്റായ വാർത്ത പ്രചരിപ്പിച്ച് ആചാര ലംഘനത്തിന് വഴിയൊരുക്കുകയും ചെയ്ത നടപടിയ്‌ക്കെതിരെ നിയമനടപടിയ്‌ക്ക് തയ്യാറാവണമെന്ന് ദേവസ്വം ബോർഡിനോട് വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.