ദ ചലഞ്ച്' ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ
ആദ്യമായി ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ചിത്രം ഇനി റഷ്യയുടെ ആയിരിക്കും. കഴിഞ്ഞ ദിവസം സിനിമ സംവിധായകനും മറ്റ് അംഗങ്ങളും ബഹിരാകാശ നിലയത്തിൽ എത്തിയെന്ന വാർത്ത പുറത്തു വന്നിരുന്നു. ബഹിരാകാശവുമായി ബന്ധപ്പെട്ട് റഷ്യയുടെ മറ്റൊരു ചരിത്രവുമാണിത്. ആദ്യമായി ബഹിരാകാശത്തേക്ക് നായയെ അയക്കുന്നത് സോവിയറ്റ് യൂണിയനാണ്. 1957 ൽ ലൈക്ക എന്ന നായയാണ് അവിടെ എത്തിയത്. ആദ്യമായി ബഹിരാകാശത്തിൽ എത്തിയ മനുഷ്യൻ സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിൻ അന്ന്. 1961 ൽ ആയിരുന്നു ഇത്. 1963 ൽ ബഹിരാകാശത്തേക്ക് ആദ്യ സ്ത്രീയെ അയച്ചതും സോവിയറ്റ് യൂണിയൻ ആണ്. വാലെന്റിന തെരഷ്കോവ ആണ് ആ യാത്രിക. ഇതിന്റെ ഇങ്ങേ തലക്കൽ ആണ് ഇപ്പോൾ ഈ ചരിത്രവും. ഹോളിവുഡ് എത്തും മുമ്പ് ഇപ്പോൾ റഷ്യൻ സിനിമ ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
യുലിയ പെരെസിൽദ് എന്ന മുപ്പത്തേഴുകാരിയാണ് ബഹിരാകാശ കേന്ദ്രത്തിൽ ചിത്രീകരിക്കുന്ന ചലച്ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ക്ലിം ഷിപെൻകോ ആണ് ചിത്രത്തിന്റെ സംവിധായകൻ. കസാക്കിസ്ഥാനിലെ ബെയ്ക്കൂനൂരിൽ നിന്ന് സോയൂസ് എംഎസ്19 ബഹിരാകാശ വാഹനത്തിലായിരുന്നു ഇവരുടെ യാത്ര. മൂന്ന് മണിക്കൂർ കൊണ്ട് ഇവർ ഇവിടെയെത്തി. പന്ത്രണ്ട് ദിവസമാണ് ചലച്ചിത്രസംഘം ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിക്കുക. ഇതിന് ശേഷം ഇവർ മടങ്ങും. എന്നാൽ ഷക്‌പ്ലേറോവ് അവിടെ തങ്ങും. ചലച്ചിത്രത്തിൽ പെരെസിൽദ് ഒരു ഹൃദ്രോഗശസ്ത്രക്രിയാവിദഗ്ധയുടെ വേഷമാണ് ചെയ്യുന്നത്. ബഹിരാകാശ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞനെ ചികിത്സിക്കാനായാണ് ഇവർ അവിടെ എത്തുന്നത്. ബഹിരാകാശ കേന്ദ്രത്തിലുള്ള രണ്ട് റഷ്യൻ യാത്രികർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒലേഗ് നോവിത്സ്‌കി, പ്യോട്ടോർ ദുബ്രോവ് എന്നിവരാണ് ചിത്രത്തിൽ അഭിയനിക്കുന്ന ബഹിരാകാശ യാത്രികർ. റഷ്യയുടെ ബഹിരാകാശ മേധാവിയുടെ തലയിലുദിച്ചതാണ് ബഹിരാകാശ കേന്ദ്രത്തിലെ ചലച്ചിത്രമെന്ന ആശയം. റഷ്യയിലെ ചാനൽ വൺ ടിവിയാണ് ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്നത്. ഇതോടെ, ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന അഞ്ചാമത്തെ റഷ്യൻ വനിതയായി പെരെസിൽദ് മാറി, എലീന സെറോവ ഭൂമിയിലേക്ക് മടങ്ങിയ 2015 ന് ശേഷമുള്ള ആദ്യത്തെ വനിതയും ഇവർ തന്നെ. ‘ദി ചലഞ്ച്’ എന്നാണ് ചിത്രത്തിന്റെ പേര്.