അതിശക്തമായ മഴ: മലപ്പുറത്ത് അതീവ ജാഗ്രത

അതിശക്തമായ മഴ: മലപ്പുറത്ത് അതീവ ജാഗ്രത

October 12, 2021 0 By Editor

മലപ്പുറം: ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ നിര്‍ദേശം നല്‍കി.

കൊണ്ടോട്ടിയില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിക്കുകയും പലയിടങ്ങളിലും വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും മണ്ണിടിച്ചിലുണ്ടാവുകയും വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തിയത്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം. മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. മലപ്പുറം കോട്ടക്കുന്നിന് സമീപം മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കും.

മണ്ണെടുപ്പ്, ഖനനം, പാറ പൊട്ടിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നിയന്ത്രിക്കും. ദുരിതാശ്വാസ ക്യാമ്ബുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കും. ക്യാമ്ബുകളില്‍ ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ സഹായവും മരുന്നും ഉറപ്പാക്കും. വനമേഖലകളില്‍ ഒറ്റപ്പെട്ടുപോകുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കും. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ജാഗ്രത കാണിക്കണം. പ്രളയസമാനമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരികയാണെങ്കില്‍ അതിനായുള്ള ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ താലൂക്കിലും മൂന്ന് പെട്രോള്‍ പമ്ബുകളിലെങ്കിലും ഇന്ധനം കരുതാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.