മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി അന്തരിച്ചു

മലപ്പുറം : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി (86 ) അന്തരിച്ചു. (vm kutty passes away ) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

മലപ്പുറം : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി (86 ) അന്തരിച്ചു. (vm kutty passes away ) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയാണ്.

വിവാഹവേദികളില്‍ ഒതുങ്ങിനിന്ന മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ് വി എം കുട്ടി. അര നൂറ്റാണ്ടുകാലം ഗാന രംഗത്ത് നിറഞ്ഞു നിന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, മോയിന്‍ കുട്ടി സ്മാരക സമിതി എന്നിവയില്‍ അംഗമായിരുന്നു.

മലപ്പുറം (malappuram) ജില്ലയിലെ കൊണ്ടോട്ടിക്ക് സമീപം പുളിക്കലില്‍ ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി 1935 ഏപ്രില്‍ 16 നാണ് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി എം കുട്ടിയുടെ ജനനം. മെട്രിക്കുലേഷനും ടിടിസിയും പാസായശേഷം 1957 ല്‍ കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ അധ്യാപകനായി. 1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് വി എം കുട്ടി ചുവടുറപ്പിക്കുന്നത്. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുള്ള വി എം കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടി.

ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. ഉല്‍പ്പത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനികളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തിഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുവിക്കുഞ്ഞ്(കുട്ടിക്കവിത) എന്നിവയാണ് വി എം കുട്ടിയുടെ പ്രധാന കൃതികള്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story