പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് വീരമൃത്യു
കശ്മീർ: പൂഞ്ചിൽ ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും, ജവാനുമാണ് മരിച്ചത്. തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തിൽപെട്ടവർ തന്നെയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളിയുൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
മെൻധാർ സബ് ഡിവിഷനിലെ നർഘാസ് വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ജെസിഒ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ജവാനെ ഉടൻ മിലിട്ടറി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരവാദികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. അതിർത്തി കടന്നെത്തിയ മൂന്നോ നാലോ ഭീകരർ പ്രദേശത്തുണ്ടെന്നാണ് സംശയിക്കുന്നത്.